Saturday, September 22, 2012

അക്ഷരകൂട്ടങ്ങള്‍




സാര്‍, സ്റ്റേഷന്‍ എത്തി.
ബാലന്‍  മയക്കത്തില്‍  നിന്നും ഉണര്‍ന്നു.
സഹയാത്രികനോട് നന്ദി പറഞ്ഞു തിടുക്കത്തില്‍ ബോഗിയില്‍ നിന്നും ഇറങ്ങി.
അധികം തിരക്കില്ലായിരുന്നു സ്റ്റേഷനില്‍....
അയാള്‍ ചുറ്റുവട്ടമാകെ ഒന്ന്  കണ്ണോടിച്ചു.
അന്ന് നാടുവിട്ടു പോകുമ്പോള്‍ ഇവിടെ ഈ റെയില്‍വേ സ്റ്റേഷന്‍ ഇല്ല. 
തന്‍റെ ബാഗുകളുമായി ബാലന്‍ പതുക്കെ പുറത്തേക്കിറങ്ങി
ടാക്സി, ഓട്ടോക്കാരുടെ  ചെറിയൊരു തിരക്ക്  
ബാലന്‍ പുറത്തേക്ക്  നടന്നു

ബസ്സില്‍ പുറപ്പെടുമ്പോള്‍ അധികം തിരക്കില്ലയിരുന്നു
കുട്ടിക്കാലം മുതല്‍ ഇഷ്ടമുള്ള  സൈഡ് സീറ്റ്‌ തന്നെ കിട്ടി
കണ്ടക്ടര്‍ ഒരു സര്‍ക്കസ്സുകാരനെ പോലെ കൈ എങ്ങും തൊടാതെ  ആ കുലുങ്ങുന്ന  വണ്ടിയില്‍ തന്റെ അടുത്തേക്ക് വരുന്നത്  ബാലന്‍ കണ്ടു. 
"ടിക്കറ്റ്‌"
"ഒരു  ഇടത്വ " 
ടൌണിന്റെ തിരക്ക് കഴിഞ്ഞു ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്  ബസ്‌ പതുക്കെ ഇഴഞ്ഞു.
രാവിലെ പെയ്ത മഴയുടെ ഒരു നനുനനപ്പ് ചെടികളിലും മരങ്ങളിലും കാണാമായിരുന്നു.
ഇരുവശത്തും കണ്ണെത്താദൂരം വരെ പുഞ്ചപ്പാടങ്ങള്‍. 
ഒഴുകിയെത്തുന്ന കുളിര്‍ കാറ്റിന് മഴയുടെ ഗന്ധം 
മനസ്സ് ശാന്തമാക്കുന്ന ഒരു തലോടല്‍.

ബസ്സിറങ്ങി  അയാള്‍ പതുക്കെ നടന്നു
പുഞ്ചപ്പാടത്തിനു  നടുവില്‍ കൂടി നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു 
നഗരത്തിനു മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഗ്രാമത്തിന് വലിയ മാറ്റം സംഭവിച്ചിട്ടില്ല.
ഇപ്പോഴും വാഹനങ്ങള്‍  എത്തിപ്പെടാന്‍ വഴികള്‍ക്ക് വീതി പോരാ .
പടിപ്പുര  കഴിഞ്ഞു അകത്തേക്ക് കടക്കുമ്പോള്‍ അയാളുടെ മനസ്സൊന്നു പിടഞ്ഞു.
തന്റെ ബാല്യവും, അമ്മയുടെ ഓര്‍മകളും പെട്ടെന്ന്  മുന്നിലെത്തിയതുപോല്‍. 

പടിപ്പുര തുറന്ന ശബ്ദം കേട്ടിടാവണം, അകത്തുനിന്നു ഒരു സ്ത്രീ ശബ്ദം
ആരാ?
ബാലന്‍ ഉത്തരം ഒന്നും നല്‍കിയില്ല
സ്ത്രീ പുറത്തേക്കു വന്നു,
അമ്മായിക്ക് നന്നേ പ്രായമായിരിക്കുന്നു, പക്ഷെ ആരോഗ്യക്കുറവ് തോന്നിക്കുന്നില്ല.അയാള്‍ മനസ്സില്‍ പറഞ്ഞു.
അവന്‍ മുറ്റത്ത്‌ തന്നെ നിന്നു.
അമ്മായി തന്നെ സൂക്ഷിച്ചു  നോക്കുന്നത്  അയാള്‍ കണ്ടു.
ഇല്ല, പറയുന്നില്ല, അമ്മായിക്ക് മനസിലാകുന്നെങ്കില്‍   മനസ്സിലാവട്ടെ.  
"ബാലന്‍ അല്ലെ അത്" ? 
അമ്മായിയുടെ ചോദ്യം അയാളെ  ഒന്ന് ഞെട്ടിച്ചു.
അമ്മായിയുടെ കാഴ്ചക്കും ഓര്‍മ്മക്കും ഒരു കുഴപ്പവും ഇല്ലല്ലൊ. 
അവന്‍ അമ്മായിയുടെ അടുക്കലേക്ക് നടന്നു പറഞ്ഞു.
"ഈ പടിപ്പുര  കടന്നു എന്നെങ്കിലും നീ വരുമെന്ന് ഞാന്‍ ആഗ്രഹിച്ചു ബാലാ". 
അമ്മായി തന്നെ  ആശ്ലേഷിച്ചപ്പോള്‍  ഒരു ചെറിയ വിതുമ്പല്‍ ഉണ്ടായിരുന്നുവോ.
അകത്തേക്ക് നടക്കുമ്പോള്‍ അമ്മായി ചോദിച്ചു
"എത്ര വര്‍ഷമയെടാ നീ നാട്ടിലേക്ക് വന്നിട്ട്"?
"ഒരു മുപ്പതു വര്‍ഷത്തിനു അടുത്തായി കാണും"  അയാള്‍ പറഞ്ഞു
അമ്മയുടെ മരണശേഷം നാട്ടിലേക്ക് വരണമെന്ന് തോന്നിയിട്ടില്ല
"സുകുമാരന്‍ പറഞ്ഞു നിന്‍റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു " 
തന്‍റെ ബാഗ്‌ ഒരു മൂലയിലേക്ക് വെച്ച്  അവന്‍  അത് കേട്ട് മൂളി
"അവന്‍ വിളിക്കുമ്പോള്‍ ഒക്കെ നിന്‍റെ കാര്യം പറയുമായിരുന്നു"
ബാലന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്ന തന്‍റെ തറവാട് കണ്ണോടിച്ചു കാണുകയായിരുന്നു
"മക്കള്‍ ഇല്ലാത്ത നീ, സാവിത്രി കൂടി പോയതില്‍ പിന്നെ തികച്ചും  ഒറ്റക്കായി എന്ന് അവന്‍  എപ്പോഴും പറയുമായിരുന്നു
അമ്മായി തുടര്‍ന്നുകൊണ്ടേയിരുന്നു .
അവന്‍  മൂളി കേട്ടു.
കേള്‍ക്കാന്‍ ഇഷ്ടമല്ലാത്തത് കേള്‍ക്കുമ്പോള്‍ ഉള്ള ബാലന്‍റെ അസ്വസ്ഥത കണ്ടിട്ടാവണം, അമ്മായി അതിനെ കുറിച്ച് കൂടുതല്‍ ഒന്നും സംസാരിച്ചില്ല.


കാപ്പി എടുക്കട്ടെ ബാലാ.
ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം അമ്മായി.
അവന്‍ന്‍ ഒരു തോര്‍ത്തുമായി പതുക്കെ പുഴവക്കത്തേക്ക്  നടന്നു.
പുഴയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ അയാളുടെ മനസ്സ്  ബാല്യത്തിലേക്കും , കൌമാരത്തിലേക്കും  പോയി.
അന്നും വാടി തളര്‍ന്ന ശരീരത്തിനും മനസ്സിനും ഈ പുഴ ഒരു ഉന്മേഷം പകരുമായിരുന്നു.
ഇന്നും ഈ പുഴ ബാലന്‍റെ മനസ്സിന് ഒരു ഉന്മേഷം നല്‍കിയ പോലെ തോന്നി.
കുളി കഴിഞ്ഞു തിരികെ നടക്കുമ്പോള്‍, ബാലന്‍റെ കണ്ണുകള്‍ ദൂരെയുള്ള സര്‍പ്പക്കാവിലേക്ക്  പതിഞ്ഞു.
വീടിന്‍റെ പടിപ്പുരയില്‍ നിന്നാല്‍ കാവിനടുത്ത് നില്‍ക്കുന്നവരെ കാണാന്‍ കഴിയും.
പടിപ്പുരയിലേക്ക് നോക്കിയപ്പോള്‍, അവിടെ കൌമാരത്തിലെ ബാലന്‍ അവളെ കാത്തു നില്‍ക്കുന്നതായി തോന്നി.
കാവിനു മുന്‍പില്‍ വെള്ള പട്ടു പാവാടയും, ബ്ലൌസും ധരിച്ചു അവള്‍ അവനെ കാത്ത് നില്‍ക്കുന്നു
അവന്‍ പതുക്കെ  കാവിനടുത്തെയ്ക്ക് നടന്നു.
ഓര്‍മ്മകള്‍ ബാലനെ മുപ്പതു വര്‍ഷം പിന്നിലേക്ക്‌ കൊണ്ടുപോയി. 


കാവിനുള്ളില്‍ അവളെ കാണാഞ്ഞു  അവന്‍  പതുക്കെ പുറത്തേക്കു നടന്നു
ഞാന്‍ ഇവിടെ ഉണ്ട് 
പ്രതിഷ്ടകളുടെ പുറകില്‍ നിന്ന് അവളുടെ സ്വരം അവന്‍ കേട്ടു
നീ എന്താ അവിടെ ചെയ്യുന്നേ? 
പ്രതിഷ്ടകളുടെയും അവയ്ക്ക്  തണലായ മരങ്ങളുടെയും പുറകിലേക്ക് അവന്‍ നടന്നു.
അവള്‍ അവിടെ ഒരു കല്ലില്‍ എന്തോ കൊത്തി എഴുതുന്നു
നീ എന്താ എഴുതുന്നെ?
ഞാനും നീയും ഒന്നായി ചേര്‍ന്നാല്‍ എന്തായി തീരുക?
അവന്‍ അറിയില്ല  എന്ന  മട്ടില്‍ തലയാട്ടി.
എന്നാല്‍ ഞാന്‍ ഇത് കൊത്തി എഴുതുന്നത്‌ വരെ നീ കാത്തിരിക്കു.
ഈ ജന്മം നിനക്ക് വേണ്ടി കാത്തിരിക്കാം, പഷേ നീ ഇത് കൊത്തി എഴുതാന്‍ കുറെ നാള്‍ എടുക്കുമല്ലോ പെണ്ണെ 
അവന്‍ അവളെ കളിയാക്കി
അവള്‍ പിണങ്ങി മുഖം തിരിച്ചു
ഒളികണ്ണില്‍  അവന്‍  അവള്‍ എഴുതുന്നത്‌ വായിക്കാന്‍ ശ്രേമിച്ചു 
അവള്‍ എഴുതാന്‍ തുടങ്ങിയിട്ടേ  ഉള്ളൂ .. "ബ" യുടെ  തുടക്കം കൊറിയത് അവനു കാണാന്‍ കഴിഞ്ഞു.

ബാലാ...
ആരോ ദൂരെ നിന്ന് തന്നെ വിളിക്കുന്നതായി ബാലന് തോന്നി
പടിപ്പുരയില്‍ നിന്ന് അമ്മായി ആണ്.
പ്രായമായിട്ടും അമ്മായിയുടെ കാഴ്ചക്കും ശബ്ദത്തിനും ഒരു കേടും ഇല്ല.
അവന്‍ കാവിന്‍റെ മുന്‍പില്‍ നിന്നും പതുക്കെ വീടിലേക്ക് നടന്നു..
അകത്തേക്ക് നടക്കുമ്പോള്‍ കാവിന്റെ മുന്‍പില്‍ ബാലനെ കണ്ടതു കൊണ്ടാവണം,  അമ്മായി പറഞ്ഞു
കാവില്‍ പണ്ടത്തെ പോലെ ആരും പോകാറില്ല ഇപ്പോള്‍
ഒക്കെ വല്ലാത്ത അവസ്ഥയിലാണ്, സൂഷിക്കണം, ഇഴജെന്തുകള്‍ ഒക്കെ ഉണ്ടാവും
അവന്‍ മൂളി കേട്ടു.  



ഇന്ന് തന്നെ പോകണോ ബാലാ 
അമ്മായിയുടെ ചോദ്യത്തില്‍ ഒരു വിതുമ്പല്‍ ഉണ്ടായിരുന്നുവോ
പോകണം അമ്മായി, യാത്ര ഇവിടുന്നു തുടങ്ങണം എന്ന് മനസ്സില്‍ കരുതിയിരുന്നു
എങ്ങോട്ടാണ് നിന്‍റെ യാത്ര, അമ്മായി ചോദിച്ചു
അറിയില്ല, പക്ഷെ മനസ്സ് ഒരു നീണ്ട യാത്രക്ക് ഒരുങ്ങി കഴിഞ്ഞു. ബാലന്‍ അമ്മായിയെ നോക്കി പുഞ്ചിരിച്ചു
അവന്‍ പടിപ്പുര  ഇറങ്ങാന്‍ തുടങ്ങുമ്പോള്‍  പുറകില്‍ നിന്ന് ഒരു വിളി
ബാലാ..
എന്താ അമ്മായി,  അവന്‍  അമ്മായിയുടെ കൈകള്‍ പിടിച്ചു ചോദിച്ചു
ബാലന്റെ  കണ്ണുകളിലേക്കു നോക്കി അമ്മായി പതുക്കെ പടിപുരയുടെ ഓരത്തേക്ക്  ഇരുന്നു
ബാലന്‍ താഴേക്കു ഇരുന്നു
ഒരു നീണ്ട നെടുവീര്‍പ്പിനു ശേഷം അമ്മായി തുടര്‍ന്നു
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ അവള്‍ ഇവിടെ വന്നിരിന്നു ബാലാ.
കുറെ നേരം എന്നോട് മിണ്ടിയും പറഞ്ഞും ഇരിക്കും, പിന്നെ കുറെ നേരം ആ കാവിനുള്ളിലും.
അയാള്‍ കേട്ട് കൊണ്ടിരുന്നു.
പല തവണ ചോദിച്ചിട്ടും അവളുടെ കുടുംബത്തിനെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല അവള്‍, പലപ്പഴും ഒഴിഞ്ഞു മാറി..
പറയാതെ ബാക്കി വെക്കാന്‍ അവളുടെ മനസിലെ ലക്ഷ്മണരേഖ ഇനിയും  ഭേദിക്കപെട്ടിട്ടില്ല എന്ന് തോന്നുന്നു 
ബാലന്റെ കണ്ണുകള്‍ നിറയുന്നത് അമ്മായി കണ്ടു
നിന്നെ കുറിച്ചായിരുന്നു അവളുടെ അന്വേഷണങ്ങള്‍  മുഴുവന്‍
കണ്ണുകള്‍ തുടച്ചു ബാലന്‍ എഴുന്നേറ്റു.
അമ്മായിയുടെ നെറുകയില്‍ ഒരു മുത്തം നല്‍കി  അവന്‍  നടന്നു.


കാവിനുള്ളില്‍ കടന്നപോള്‍ ആരോ സന്ധ്യാ ദീപം കൊളുത്തിയിരിക്കുന്നു .
നേരം അത്ര ഇരുട്ടിയിട്ടില്ല 
നാഗ ദൈവങ്ങളെ തൊഴുതു  അവന്‍   പിന്‍വശത്തേക്ക് നടന്നു.
കരിയിലകള്‍ മാറ്റി  അവന്‍  ആ കല്ലിനായി  തേടി..
സായന്തനത്തിന്‍റെ  നേര്‍ത്ത വെളിച്ചത്തില്‍ അവന്‍ അത് കണ്ടു.
കൊത്തി പൂര്‍ത്തിയാക്കിയ ആ  കല്ല്‌
"ബാലാമണി"
ഒരു നേര്‍ത്ത കാറ്റില്‍, അവളുടെ സ്വരം ഒഴുകി എത്തിയ പോലെ തോന്നി ബാലന്
"ബാലന്റെ  രമണി"
കാവില്‍ നിന്ന് ഇറങ്ങിയപ്പോള്‍  അവന്റെ   കണ്ണുകള്‍ പടിപ്പുരയിലേക്ക് നീണ്ടു.
അവിടെ അമ്മായി അപ്പോളും നില്പുണ്ടായിരുന്നു
ബാലന്റെ മുഖത്തു  ഒരു നേര്‍ത്ത പുഞ്ചിരി വിടര്‍ന്നു.