Monday, June 6, 2011

അമ്മു



അമ്മൂ , എവിടെയാ ഈ കുട്ടി,
ശാരദ അടുക്കളയില്‍ നിന്നും ഓരോ മുറിയില്‍ നോക്കികൊണ്ട് പൂമുഖത്തേക്ക്‌ വന്നു.
ചാരുകസേരയില്‍ ഏതോ പുസ്തകം വായിക്കുന്ന അമ്മയെ നോക്കി ശാരദ ചോദിച്ചു,
അമ്മ കണ്ടോ അവളെ..
നിനക്ക് അറിയില്ലേ, മഴ സമയത്ത് അവളെ എവിടെ നോക്കണം എന്ന് ?
എന്‍റെ ദൈവമേ, ഈ കുട്ടി പിന്നെയും മഴയത്ത് കളിക്കുകയാ, ശാരദ വെളിയിലേക്ക് ഓടി..
ശരിയായിരുന്നു, അമ്മു മഴയില്‍ ആര്‍ത്തുല്ലസിച്ചു കളിക്കുകായിരുന്നു.അവളുടെ ഏറ്റവും അടുത്ത കൂടുകാരിയോടെന്ന പോലെ.
അമ്മുവിന്‍റെ കൈ പിടിച്ചു വലിച്ചു ശാരദ പൂമുഖത്തേക്ക് വന്നു.
മഴയത്ത് കളിക്കരുതെന്ന് എത്ര പറഞ്ഞാലും നീ കേള്‍കില്ല അല്ലെ?
പരിഭവത്തോടെ, അമ്മയെ നോക്കി ശാരദ, ഈ അമ്മയാ അവളെ വഷളാക്കുന്നെ,
കണ്ടതല്ലേ അവള് ഇറങ്ങി പോകുന്നെ? പനി പിടിക്കില്ലേ അവള്‍ക്ക്‌?
കൈ മലര്‍ത്തി കൊണ്ട് അമ്മു അപ്പോള്‍ പറഞ്ഞു,
എന്നിട്ട് എനിക്ക് ഇതുവരെ പനി പിടിച്ചിട്ടില്ലല്ലോ.
ശരിയാണ്, ശാരദയും ഓര്‍ത്തു, ഇന്ന് ഇതുവരെ അമ്മുവിന് മഴയത്ത് കളിച്ച് പനി പിടിച്ചിട്ടില്ല.
മഴയക്ക് പോലും അറിയാം എന്ന് തോന്നുന്നു, മഴയെ അവള്‍ക്ക് എന്ത് ഇഷ്ടമാണെന്ന്.


--


അമ്മുമ്മ ഇന്ന് ഏതു കഥയാ പറയാന്‍ പോകുന്നെ? കട്ടിലില്‍ അമ്മുമ്മയെ കെട്ടിപിടിച്ചുകൊണ്ട് അമ്മു ചോദിച്ചു
ഏതു കഥയാ അമ്മുനു കേള്‍കണ്ടേ?
ഒരു നിമിഷം ആലോചിച്ചു അമ്മു പറഞ്ഞു, മാലാഖയുടെ കഥ മതി.
ഒരു നിമിഷം അമ്മുമ്മയും ആലോചിച്ച ശേഷം പറഞ്ഞു.
ശരി എന്നാല്‍ മാലാഖയുടെ കഥ പറയാം.
അമ്മു അമ്മുമ്മയെ കൂടുതല്‍ ഇറുക്കി പിടിച്ചു..
തന്‍റെ സന്തോഷം അറിയിക്ക്കാന്‍ എന്ന പോലെ.
അമ്മുമ്മ കഥ പറഞ്ഞു തുടങ്ങി..
ദൈവം നമ്മളേ എല്ലാം സൃഷ്ടിച്ച സമയത്ത് എല്ലാവരും ഒരേ പോലെ ആയിരിക്കണം എന്നാണ് ആഗ്രഹിച്ചത്‌, പഷേ എല്ലാവരും വ്യത്യസ്തരായിരുന്നു. നിറത്തിലും, മണത്തിലും, ഗുണത്തിലും എല്ലാം. എല്ലാവരും അവരുടെതായ രീതിയില്‍ ചിന്തിച്ചു, പ്രവര്‍ത്തിച്ചു..
ആരും ചീത്ത ആള്‍കാര്‍ അല്ലായിരുന്നു, എല്ലാവരും നല്ലവര്‍ ആയിരുന്നു, കുറച്ചു ആള്‍കാര്‍ വളരെ വളരെ നല്ലവര്‍ ആയിരുന്നു. അവര്‍ക്ക് ദൈവം ചിത്രശലഭങ്ങള്‍ എന്ന് പേരിട്ടു.


"എന്നിട്ട്‌",
അമ്മുവിന് ആകാംക്ഷ കൂടി..
പക്ഷെ ഇത്രയും അധികം ആള്‍കാരുടെ ഇടയില്‍ നിന്നും ചിത്രശലഭങ്ങളെ തേടി പിടിക്കുക അത്ര എളുപ്പം അല്ല.
കൂടുതല്‍ സമയം വേണ്ടേ?
"അയ്യോ"
അപ്പോള്‍ ദൈവം എന്ത് ചെയ്തു?
ദൈവം അപ്പോള്‍ അതിനായി മാലാഖമാരെ സൃഷ്ടിച്ചു.
അവര്‍ ഭൂമിയില്‍ പറന്നു നടന്നു.
"എന്നിട്ട്"
ഓരോ ആള്‍ക്കാരുടെയും പ്രവര്‍ത്തികള്‍ നിരീക്ഷിച്ചു അവര്‍ ചിത്രശലഭങ്ങളെ കണ്ടു പിടിക്കും.
സംശയത്തോടെ അമ്മു ചോദിച്ചു, മലഖമാര്‍ക്കെ ചിത്രശലഭങ്ങളെ കാണാന്‍ പറ്റു?
ഉള്ളു, മനുഷ്യരെല്ലാം നെട്ടോട്ടം അല്ലേ, ആര്‍ക്കാ സമയം..
ചിത്രശലഭങ്ങളെ കണ്ടാല്‍ എങ്ങനെ ഇരിക്കും അമ്മുമ്മേ?
ചിത്രശലഭങ്ങള്‍ ഏതു പ്രായകരും ആവാം,ഏതു പ്രായത്തിലും ചിത്രശലഭങ്ങള്‍ ആവാം, ചിലര്‍ ചിത്രശലഭങ്ങളായി ജനിക്കുന്നു,ചിലര്‍ ചിത്രശലഭങ്ങളായി മാറുന്നു…
അവസാനം പറഞ്ഞത് മനസിലാവാതെ തലകുലുക്കി അമ്മു ചോദിച്ചു..
"ആ എന്നിട്ട്"
മാലാഖമാര്‍ ചിത്രശലഭങ്ങള്‍ ഒറ്റയ്ക്ക് ഉള്ളപോള്‍ വന്നു അവരോടു സംസാരിക്കും, അവരേ താരാട്ടു പാട്ട് പാടി ഉറക്കും, എന്നിട്ട് അവരെ മാലാഖമാരുടെ ലോകത്തിലേക്ക്‌ കൂട്ടികൊണ്ട് പോകും.
അമ്മു ചെറിയ മയക്കത്തില്‍ മൂളി കേട്ടു.
അമ്മുമ്മ കഥ തുടര്‍ന്നു..


--


ശാരദ ശബ്ദം ഉണ്ടാകാതെ അമ്മയുടെ മുറിയിലേക്ക് വന്നു.
ചെറിയ കുട്ടിയുടെയും, വലിയ കുട്ടിയുടെയും ഉറക്കം കണ്ടു ശാരദയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
അമ്മുവിനെ തന്‍റെ കൈകളില്‍ കോരിയെടുത്തു ശാരദ സ്വന്തം മുറിയിലേക്ക് നടന്നു.


--


അമ്മൂ..
തന്നെ ആരോ വിളിക്കുന്നത്‌ പോലെ അമ്മുവിന് തോന്നി
കണ്ണുകള്‍ തുറക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല.
അമ്മൂ..
പിന്നെയും ആ വിളി ..
ഇത്തവണ അമ്മുവിന് കാണാന്‍ കഴിഞ്ഞു, കണ്ണുകള്‍ തുറക്കാതെ തന്നെ.
അവളുടെ മുന്‍പില്‍ ദാ നില്‍ക്കുന്നു ഒരു മാലാഖ. അമ്മുമ്മ പറഞ്ഞു തന്ന പോലെ തന്നെ.
വെളുത്ത തൂവല്‍ പോലെയുള്ള ഉടുപ്പും, തലയില്‍ പൂ ചൂടിയ പോലെ കുറേ നക്ഷത്രങ്ങളും.
അമ്മു ഉറങ്ങുകയായിരുന്നോ ?
അമ്മു തലയാട്ടി.
മാലാഖ ചിത്രശലഭം തേടി വന്നതാ? അമ്മു കൌതുകത്തോടെ ചോദിച്ചു.
മാലാഖ പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു.
ഞാന്‍ അമ്മുവിനോട് സംസാരിക്കാന്‍ വന്നതല്ലേ
ആണോ?പിന്നെയും കൌതുകം
അതേ..
അമ്മു പറ, ഇന്ന് എന്തൊക്കെ ചെയ്തു?
അമ്മു,മഴയത് കളിച്ചതും, ആടിയതും, പാടിയതും ഒന്ന് ഒന്നായി മാലാഖയെ പറഞ്ഞു കേള്‍പ്പിച്ചു.
ഇനി അമ്മു പറ അമ്മുവിന് ആരെയാ കൂടുതല്‍ ഇഷ്ടം?.
ഉം.. എനിക്ക് അമ്മുമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടമാ.
അതെന്താ ?
അമ്മുമ്മ ഒരിക്കലും എന്നെ വഴക്ക് പറയില്ല, അമ്മ കാണാതെ എന്നെ മഴയത് കളിയ്ക്കാന്‍ വിടും,എനിക്ക് ഇഷ്ടമുള്ള കഥകള്‍ പറഞ്ഞു തരും, എന്നെ കെട്ടിപിടിച്ചു ഉറക്കും…
അമ്മയോ ?
അമ്മയേം ഒത്തിരി ഇഷടമാ, ഞാന്‍ മഴയത് കളിക്കുനത് മാത്രമേ അമ്മക്ക് ഇഷ്ടമല്ലാതെ ഉള്ളു.
അമ്മയല്ലേ അമ്മു മോള്‍ക്ക്‌ എന്നും ഇഷ്ടമുള്ള പലഹാരം ഉണ്ടാക്കി തരുന്നത് ..
അപ്പോള്‍ അച്ഛനോ?
അച്ഛനേം ഇഷ്ടമാ, അച്ഛനല്ലേ അമ്മു മോള്‍ക്ക്‌ പുതിയ ഉടുപ്പുകള്‍ മേടിച്ചു തരുന്നേ, പാര്‍കില്‍ കളിയ്ക്കാന്‍ കൊണ്ടു പോകുന്നെ. ഞാന്‍ എന്ത് ചോദിച്ചാലും അച്ഛന്‍ അല്ലെ അമ്മു മോള്‍ക്ക്‌ മേടിച്ചു തരുന്നേ.
ഏട്ടന്‍ ?
ഏട്ടന്‍, എന്‍റെ പുന്നാര ഏട്ടന്‍ അല്ലേ. ഏട്ടന്‍ എന്നെ ദിവസവും സൈകിലേല്‍ മുന്‍പില്‍ ഇരുത്തി സ്കൂളില്‍ കൊണ്ടുപോകും, എന്‍റെ കൂടെ കളിക്കും, പാട്ട് പാടും, അങ്ങനെ ഒരുപാടു കാര്യങ്ങള്‍ അമ്മു മോള്‍ക്ക്‌ വേണ്ടി ഏട്ടന്‍ ചെയ്യാറില്ലേ..
പക്ഷെ ഏട്ടന് മഴയത് കളിക്കുനത് മാത്രം ഇഷ്ടമല്ല.
പിന്നെ ആരെയൊക്കെയാ അമ്മു മോള്‍ക്ക്‌ ഇഷ്ടം?
അമ്മു പറഞ്ഞുകൊണ്ടേ ഇരുന്നു..
മാലാഖ അവള്‍ പറയുന്നത് കേട്ടുകൊണ്ട് അവളുടെ നെറുകയില്‍ തലോടി അവളുടെ അരികില്‍ ഇരുന്നു.


--


അമ്മു പെട്ടെന്ന് ഞെട്ടി എണീറ്റു
പുറത്തു ഒത്തിരി ബഹളം, ആരോക്കൊയോ കരയുന്നു.
ഈ കരച്ചില് കേട്ടാവാം അമ്മു ഞെട്ടി എണീറ്റത്.
മഴയുടെ ഒരു നേര്‍ത്ത കാറ്റു ജന്നലില്‍ കൂടി വന്നു അവളുടെ മുഖത്ത് തലോടി
പതുക്കെ കണ്ണ് തിരുമ്മി അമ്മു മുറിക്കു പുറത്തേക്കു നടന്നു
പൂമുഖത്ത് ഒരുപാടു ആള്‍കാര്‍.
ആരെയോ വെള്ള തുണിയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു.
അവളുടെ കുഞ്ഞി കണ്ണുകള്‍ അവള്‍ക്കു പ്രിയപെട്ടവരെ തിരഞ്ഞു
അച്ഛന്‍ പുറത്തു ആരുമായോ സംസാരിക്കുന്നു
അമ്മ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുറിയുടെ ഒരു മൂലയില്‍ ഇരിക്കുന്നു.
ഏട്ടന്‍ അമ്മാവിയുടെ മടിയില്‍ കിടക്കുന്നു.
അമ്മുവിനെ കണ്ടതും ശാരദ ഓടി വന്നു അവളെ കെട്ടിപിടിച്ചു കരഞ്ഞു ..
അമ്മുവിന്‍റെ കണ്ണുകള്‍ അപ്പോളും തിരഞ്ഞു കൊണ്ടേ ഇരുന്നു.
അവള്‍ക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ആളിനെ തേടി
പുറത്തു അപ്പോളും മഴ പെയ്തുകൊണ്ടെയിരുന്നു


--


അമ്മുവിന്‍റെ ഇഷ്ടങ്ങള്‍ കേട്ട് കൊണ്ടു അവളെ തലോടി ഉറക്കി മാലാഖ പറഞ്ഞു
അമ്മുവിനെ പോലെ തന്നെ ഇവിടെ വേറെ ഒരു ചിത്രശലഭം കൂടി ഉണ്ട് .
അമ്മുവിന്‍റെ തലയില്‍ നിന്നും മാലാഖ തന്‍റെ കൈകള്‍ എടുത്തു.